ആംഗികം വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാല്‌ വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്‌കൃതനാടകമാണ്‌ കൂടിയാട്ടം. ചാക്യാര്‍ പുരാണകഥ പറയുന്നതിനെ ചാക്യാര്‍കൂത്തെന്നും നങ്ങ്യാര്‍പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാര്‍കൂത്തെന്നും പറയുന്നു. ചാക്യാന്മാരും കൂടി സംസ്‌കൃത നാടകം അഭിനയിക്കുന്നതിനെയാണ്‌ ``കൂടിയാട്ടം'' എന്ന്‌ പറയുന്നത്‌.

ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്‌ കൂടിയാട്ടം.

അഭിനയകലയ്‌ക്ക്‌ നൃത്തത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ കൂടിയാട്ടത്തിനെ ``അഭിനയത്തിന്റെ അമ്മ'' എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന്‌ എണ്ണൂറ്‌ വര്‍ഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്‌കൃതനാടകരൂപങ്ങളിലൊന്നാണിത്‌.

സംസ്‌കൃത നാടകങ്ങളും കേരളത്തിലെ പ്രാചീനമായ അഭിനയരീതികളും സമ്മേളിച്ച്‌ ഒരു ദൃശ്യകലയാണ്‌ കൂടിയാട്ടം. നായകനും നായികയും കൂടി രംഗപ്രവേശം ചെയ്യുന്നതുകൊണ്ടോ നായകനും വിദൂഷകനും കൂടിച്ചേരുന്നതുകൊണ്ടോ ആയിരിക്കാം ഇതിന്‌ കൂടിയാട്ടം എന്ന പേരുണ്ടായതെന്ന്‌ കരുതുന്നു. ഏതായാലും ചാക്യാര്‍ ഏകാഭിനയമായി അരങ്ങത്ത്‌ വന്ന്‌ ആടുന്ന രൂപത്തില്‍ നിന്ന്‌ ഒന്നില്‍ കൂടുതല്‍ നടന്മാര്‍ കൂടി ആടുന്ന രംഗാവിഷ്‌കാരം എന്ന നിലക്കു വളര്‍ച്ച പ്രാപിച്ചപ്പോഴാകണം ഈ പേര്‍ നിലവില്‍ വന്നത്‌.

1214 നൂറ്റാണ്ടുകള്‍ക്കിടയില്‍ കൂടിയാട്ടത്തിന്റെ രംഗവേദി ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. നാടകത്തില്‍ അനുഷ്‌ഠാനാംശങ്ങള്‍ക്ക്‌ പ്രാധാന്യമേറിയതും, കൂത്തമ്പലങ്ങള്‍ നിര്‍മ്മിക്കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്‌. കേരളത്തിലെ പ്രധാന കൂത്തമ്പലങ്ങളെല്ലാം 15, 16 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്‌.

കേരളത്തില്‍ കൂടിയാട്ടം ക്ഷേത്രപരിസരങ്ങളില്‍ വച്ചുമാത്രം (കൂത്തമ്പലങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഇല്ലെങ്കില്‍ ക്ഷേത്രമതില്‍ക്കകത്ത്‌) അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. പറക്കുംകൂത്ത്‌ മുതലായ ചില ഭാഗങ്ങള്‍ മാത്രം സൗകര്യത്തിനുവേണ്ടി അമ്പലങ്ങള്‍ക്കുപുറത്ത്‌ പറമ്പുകളില്‍ നടത്താറുണ്ടായിരുന്നു. പുരുഷവേഷം കെട്ടാന്‍ ചാക്യാര്‍ക്കും സ്‌ത്രീവേഷം കെട്ടാന്‍ നങ്ങ്യാരമ്മമാര്‍ക്കും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. മിഴാവ്‌ കൊട്ടുന്നത്‌ നമ്പ്യാര്‍ ആയിരിക്കണം. അഭിനയിക്കാന്‍ പോകുന്ന കഥ ഗദ്യത്തില്‍ പറയുന്നതും നമ്പ്യാര്‍ തന്നെ. രംഗത്തു പാട്ടുപാടി താളം പിടിക്കുന്നതും അപ്രധാന കഥാപാത്രങ്ങളുടെ സംഭാഷണവരികള്‍ ചൊല്ലുന്നതും നങ്ങാരമ്മമാരാണ്‌.

ക്ഷേത്രവളപ്പില്‍ കൂത്തമ്പലം എന്ന പേരില്‍ പണിതിട്ടുള്ള സഭാമന്ദിരത്തിലാണ്‌ കൂടിയാട്ടം പരമ്പരാഗതമായി അവതരിപ്പിക്കുന്നത്‌.

കൂത്തമ്പലത്തില്‍ കുലവാഴ, കുരുത്തോല, നിറപറ, അഷ്‌ടമംഗല്യം മുതലായ അലങ്കാരങ്ങളോടെ അരങ്ങ്‌ സജ്ജമായിരിക്കും. വലിയ നിലവിളക്ക്‌ എണ്ണ നിറച്ച്‌ രംഗത്ത്‌ കത്തിച്ചുവച്ചിട്ടുണ്ടാവും. നിലവിളക്കില്‍ മൂന്ന്‌ തിരി കത്തിക്കുന്നു. ത്രിമൂര്‍ത്തികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ്‌ ഈ മൂന്ന്‌ തിരി. രണ്ട്‌ തിരിനാളം നടന്റെ നേര്‍ക്കും ഒന്ന്‌ സദസ്യരുടെ നേര്‍ക്കുമാണ്‌ കൊളുത്തേണ്ടത്‌. മിഴാവ്‌, കുഴിത്താളം, ഇടക്ക, കൊമ്പ്‌, ശംഖ്‌ എന്നീ ദേവവാദ്യങ്ങള്‍ ചേര്‍ത്തുള്ള മേളമാണ്‌ ആദ്യം. പിന്നീട്‌ വിദൂഷകവേഷം ധരിച്ച ചാക്യാര്‍ രംഗത്ത്‌ പ്രവേശിക്കുകയും കഥാസന്ദര്‍ഭത്തെ വിവരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‌ കഥാപാത്രങ്ങള്‍ തിരശ്ശീല താഴ്‌ത്തി പ്രവേശിക്കുകയും കഥ ആടുകയും ചെയ്യുന്നു.

രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വികാഭിനയമാണ്‌ കൂടിയാട്ടത്തിന്റെ മുഖ്യ ഘടകം. കൂടിയാട്ടത്തില്‍ സാത്വികാഭിനയത്തിന്‌ എട്ടു രസങ്ങളാണ്‌ അംഗീകരിച്ചിട്ടുള്ളത്‌. എല്ലാ രസങ്ങളും ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും ശാന്തരസത്തിലാണ്‌. അതിനാല്‍ ശാന്തം ഒരു രസമായി കണക്കാക്കിയിട്ടില്ല. സാത്വികാഭിനയത്തിന്റെ കാര്യത്തില്‍ കൂടിയാട്ടം മറ്റ്‌ കലാരൂപങ്ങളെ അപേക്ഷിച്ച്‌ നല്ല നിലവാരം പുലര്‍ത്തുന്നു. ചാക്യാര്‍ രംഗത്തുവന്നാല്‍ ആദ്യമായി ദീപനാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചുറ്റുപാടുകള്‍ എല്ലാം മറന്ന്‌ കഥാപാത്രത്തിന്റെ സ്ഥായീഭാവം ഉള്‍ക്കൊള്ളുവാന്‍ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. സാത്വികാഭിനയം കൊണ്ട്‌ ഏത്‌ സന്ദര്‍ഭത്തിലും മനസ്സിരുത്താന്‍ ചാക്യാര്‍ക്കു കഴിയും എന്നതാണ്‌ പ്രത്യേകത.

ആംഗികം

കൂടിയാട്ടത്തിലെ ആംഗികം ശരസ്സ്‌ തൊട്ട്‌ പാദം വരെയുള്ള അംഗോപാംഗ പ്രത്യേംഗങ്ങള്‍ എല്ലാം തന്നെ പങ്കുചേരുന്ന സര്‍വാംഗ അഭിനയമാണ്‌. നിരന്തര അഭ്യാസം കൊണ്ടുമാത്രമേ ഈ അഭിനയത്തില്‍ പ്രാഗല്‌ഭ്യം നേടാന്‍ കഴിയൂ. വിദൂഷകന്റെ അഭിനയം ഒഴിച്ചുള്ള മിക്ക കഥാപാത്രങ്ങളുടെയും അഭിനയം ആംഗികപ്രധാനമാണ്‌.

സന്ദര്‍ഭത്തിനനുസൃതമായി സ്വരങ്ങല്‍ പ്രയോഗിച്ച്‌ ചൊല്ലുന്ന വാക്യത്തിനാമ്‌ വാചികാഭിനയം എന്നു പറയുന്നത്‌. കൂടിയാട്ടത്തിലെ വാചികാഭിനയത്തിന്‌ ആധാരമായി മൂലനാടകത്തിലെ പദ്യഗദ്യങ്ങള്‍ക്ക്‌ പുറമെ വിദൂഷകന്റെ തമിഴും മണിപ്രവാളവും ഉപയോഗിക്കുന്നു. നായകന്‍ സംസ്‌കൃതശ്ലോകങ്ങള്‍ ഓരോന്നിനും വിധിച്ചിട്ടുള്ള പ്രത്യേക സ്വരത്തില്‍ നീട്ടി ചൊല്ലുന്നു.

കൂടിയാട്ടത്തിന്‌ ഇന്ന്‌ സാധാരണയായി ഉപയോഗിക്കുന്നത്‌ രണ്ട്‌ മിഴാവുകളാണ്‌. വായഭാഗത്ത്‌ തുകല്‍ കെട്ടിയ ചെമ്പ്‌കൊണ്ടുള്ള പ്രത്യേക രൂപത്തിലുള്ള ഒരു കുടമാണ്‌ മിഴാവ്‌. പ്രാചീന കാലത്ത്‌ മണ്‍കുടമാണ്‌ ഉപയോഗിച്ചിരുന്നത്‌. മിഴാവ്‌ കൊട്ടുന്ന രീതിക്ക്‌ തിമിലയുമായാണ്‌ സാമ്യം. മിഴാവിനു പുറമേ, ഇടയ്‌ക്ക, കുറുങ്കുഴല്‍, ഇലത്താളം മുതലായവയും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്‌.

ആദ്യകാലങ്ങളില്‍ ശുദ്ധമദ്ദളവും, തിമിലയും ഉപയോഗിച്ചിരുന്നു.

പ്രധാന ചടങ്ങുകള്‍

അരങ്ങുവിതാനം

കുലവാഴ, കുരുത്തോല, വെള്ളവസ്‌ത്രം, പട്ട്‌ എന്നിവ കൊണ്ട്‌ അരങ്ങിന്റെ തൂണുകളും മേല്‍ഭാഗവും അലങ്കരിക്കുന്നു.

മിഴാവ്‌ ഒച്ചപ്പെടുത്തല്‍

കൂടിയാട്ടം തുടങ്ങുന്നു എന്ന അറിയിപ്പ്‌ നല്‍കുന്ന ചടങ്ങ്‌. കഥകളിയില്‍ ഇതിനുസമാനമായതാണ്‌ കേളകൊട്ട്‌ എന്ന ചടങ്ങ്‌.

ഗോഷ്‌ഠി കാട്ടുക

നമ്പ്യാര്‍ മിഴാവ്‌ കൊട്ടുന്നതിനനുസരിച്ച്‌ നങ്ങ്യാര്‍ പാടുന്ന ചടങ്ങ്‌.

അക്കിത്ത ചൊല്ലല്‍

നമ്പ്യാര്‍ മിഴാവ്‌ കൊട്ടുന്നതിനനുസരിച്ച്‌ നങ്ങ്യാര്‍ പാടുന്ന ചടങ്ങ്‌.

നാന്ദി നിര്‍വ്വഹണം

ദേവന്‍മാരെ സന്തോഷിപ്പിക്കുന്നതിനായി സൂത്രധാരന്‍ രംഗപ്രവേശം ചെയ്യുന്ന ചടങ്ങ്‌. ചാക്യാര്‍ അരങ്ങത്തുവരുന്ന വന്ദനനൃത്തമായ ക്രിയാനാന്ദി അഥവാ രംഗപൂജ, ഈശ്വരനെ സ്‌തുതിക്കുന്ന ശ്ലോകനാന്ദി എന്നിങ്ങനെ നാന്ദി നിര്‍വ്വഹണം രണ്ടുതരത്തിലുണ്ട്‌.

അരങ്ങുതളിക്കല്‍

ഇാവണനാണ്‌ കഥാനായകനെങ്കില്‍ ശ്ലോകനാന്ദിയിലൂടെ നായകനെ സ്‌തുതിക്കില്ല. മറിച്ച്‌ സീത ശ്രീരാമന്‍ എന്നിവരെ സ്‌തുതിക്കുന്ന ചടങ്ങ്‌.

നിര്‍വ്വഹണം

ഒന്നാം രംഗത്തില്‍ നടന്‍ ആദ്യമായി പ്രവേശിക്കുന്ന ചടങ്ങ്‌.

മംഗളശ്ലോകം

കഥാവതരണത്തിനുശേഷം മംഗളശ്ലോകം ചെയ്യുന്നത്‌ നായകനടനാണ്‌.

   
     
All rights reserved © margitheatre 2007.   Designed & Created by Invis Multimedia