കേരളത്തിന്റെ തനതായ ശാസ്‌ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്‌ത്രക്കളി, ചാക്യാര്‍ക്കൂത്ത്, കൂടിയാട്ടം, കൃഷ്‌ണനാട്ടം അഷ്‌ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കല്‍ - നാടന്‍കലാരൂപങ്ങളുടെ അംശങ്ങള്‍ കഥകളിയില്‍ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മഹാകവി വള്ളത്തോള്‍ അടക്കമുള്ള ഉത്‌പതിഷ്‌ണുകളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്‌ഭവിച്ചത്. കൊട്ടാരക്കരത്തമ്പുരാന്‍ രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിര്‍മിച്ച രാമനാട്ടമാണ് പില്‍ക്കാലത്തു കഥകളിയായി പരിണമിച്ചത്. 1555 നും 1605 നും ഇടയ്‌ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.
രാമായണകഥയെ ഒന്‍പത് ഭാഗങ്ങളാക്കി ഭാഗിച്ച് 8 ദിവസം കൊണ്ടായിരുന്നു ആദ്യകാല അവതരണം. സംഘക്കളി, അഷ്‌ടപദിയാട്ടം, തെയ്യം, പടയണി, കൂടിയാട്ടം, തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളില്‍ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്. രാമനാട്ടത്തിന്റെ അപരിഷ്‌കൃത അവതരണരീതികള്‍ക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടന്‍, കപ്ലിങ്ങാടന്‍, വെട്ടത്തുനാടന്‍ എന്നീ പരിഷ്‌കാര സമ്പ്രദായങ്ങളിലൂടെയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയില്‍ ഗായകരുടെ പാട്ടിനനുസരിച്ച് നടന്‍ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടന്‍ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകള്‍ ഏര്‍പ്പെടുത്തിയതും കൈമുദ്രകള്‍ പരിഷ്‌ക്കരിച്ചതും കല്ലടിക്കോടന്‍ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങള്‍, ഹസ്‌താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്‌കാരം നടന്നത്.
കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്‌കൃതനാടകങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളില്‍ പ്രകടമാണ്. പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്. ആട്ടകഥകളിലെ പദങ്ങളാണ് കഥകളിയില്‍ പാടി അഭിനയിക്കപ്പെടുന്നത്. ശ്ലോകങ്ങള്‍ രംഗസൂചനയും കഥാസൂചനയും നല്‍കുന്നതിനുള്ള സൂത്രധാര ഉപാധിയായാണ് ഉപയോഗിക്കുന്നത്. കൂടാതെ അരങ്ങില്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളും ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണ് ആട്ടക്കഥകള്‍.
ചടങ്ങുകള്‍
കേളികൊട്ട്
കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്‌ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.
അരങ്ങുകേളി
കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാമ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു.
തോടയം
ഇത് ഇഷ്‌ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാര്‍ തിരശ്ശീലയ്‌ക്ക് പുറകില്‍ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാര്‍ക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുളള കൂടിച്ചേരലിലൂടെ സൃഷ്‌ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടന്‍മാരും തോടയം കെട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ എന്നാണു നിയമം.
വന്ദനശ്ലോകം
പൊന്നാനി എന്ന പ്രധാന പാട്ടുകാരനും, ശിങ്കിടി എന്ന രണ്ടാം പാട്ടുകാരനും ചേര്‍ന്ന് പാടുന്നതാണ് വന്ദനശ്ലോകം.
പുറപ്പാട്
ഒരു പുരുഷവേഷവും സ്‌ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാര്‍ത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്. സാധാരണ പുരുഷവേഷം കൃഷ്‌ണനായിരിക്കും. കൃഷ്‌ണവേഷം മാത്രമായിട്ടും പുറപ്പാട് അവതരിച്ച് കണ്ടിട്ടുണ്ട്. അഞ്ചുവേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തില്‍ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ് (കുട്ടിത്തരക്കാര്‍) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ എല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പുറപ്പാട് ചെയ്‌ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങള്‍ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചടങ്ങ് പ്രയോജനപ്പെടുന്നു.
മേളപ്പദം
ഗീതാഗോവിന്ദത്തിലെ ``മഞ്‌ജൂതര കുഞ്‌ജദള'' എന്ന അഷ്‌ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നതാണ് മേളപ്പദം. ചമ്പതാളത്തില്‍ 40, 20,10 എന്നീ അക്ഷരകാലങ്ങളില്‍ രാഗമാലികയായി അഷ്‌ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. കഥകളിക്ക് അഷ്‌ടപദിയോട് ഉള്ള കടപ്പാട് ഇത് വ്യക്തമാക്കുന്നു. പദത്തിന്റെ അവസാനത്തില്‍ മേളക്കാര്‍ മുമ്പോട്ടുവന്ന് അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു. ഈ ചടങ്ങിനു ``നിലപ്പദം'' എന്നും പേരുണ്ട്.
കഥാരാംഭം തിരുത്തുക
കഥകളി കഥയുടെ ആരംഭം കുറിക്കുന്നതാണ് കഥാരംഭം
വേഷങ്ങള്‍
കഥകളിയില്‍ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധ വേഷങ്ങള്‍ നല്‍കുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാനങ്ങളും ഈ വേഷങ്ങള്‍ അനുസരിച്ച് വ്യത്യസ്‌തമാണ്.
പച്ച
സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്ക് പച്ചവേഷം. ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തില്‍ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങള്‍. വീരരായ രാജാക്കന്മാര്‍, രാമന്‍, ലക്ഷ്‌മണന്‍ തുടങ്ങിയവര്‍ക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിള്‍ത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേര്‍ത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകള്‍ അര്‍ധചന്ദ്രാകൃതിയില്‍ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്‌ക്കുന്നതിനു ``നാമം വയ്‌ക്കുക'' എന്നു പറയുന്നു. ബലഭദ്രന്‍, ശിവന്‍ തുടങ്ങിയവര്‍ക്ക് നാമം വയ്‌ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.
കത്തി
രാജസസ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്കാണ് സാധാരണയായി കത്തിവേഷം നല്‍കുക. രാവണന്‍, ദുര്യോധനന്‍, കീചകന്‍, ശിശുപാലന്‍, നരകാസുരന്‍ തുടങ്ങിയവര്‍ക്ക് കത്തിവേഷമാണ്. ഇതില്‍ കണ്ണുകള്‍ക്ക് താഴെയായി നാസികയോട് ചേര്‍ത്തും പുരികങ്ങള്‍ക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയില്‍ അല്‌പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകള്‍ പിടിപ്പിക്കുന്നു. കത്തിവേഷത്തെ ``കുറുംകത്തി'' എന്നും ``നെടുംകത്തി'' എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിണ്‍തടങ്ങള്‍ക്കു താഴെ കത്തിയുടെ ആകൃതിയില്‍ വരയ്‌ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാല്‍ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കണ്‍പോളകളുടെ അഗ്രങ്ങള്‍ വരെ എത്തിച്ചു വരച്ചാല്‍ നെടുംകത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം. ദുശ്ശാസനന്‍, ഘടോല്‍ഘചന്‍ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. `പച്ച' വേഷത്തോടു സമാനമായ നിറക്കൂട്ടില്‍ ചുവന്ന വരകള്‍ കവിളുകളില്‍ വരയ്‌ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകള്‍ വയ്‌ക്കുകയും ചെയ്യുന്നു. വസ്‌ത്രാഭരണങ്ങള്‍ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.
താടി
പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.
- വെള്ളത്താടി ഹനുമാന്‍, നന്ദികേശ്വരന്‍ പോലെയുള്ള അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങള്‍ക്ക് വെള്ളത്താടി വേഷമാണ് നല്‍കുക.
- ചുവന്നതാടി താമസസ്വഭാവികളായ കഥാപാത്രങ്ങള്‍ക്കാണ് ചുവന്ന താടി നല്‍കുക. ഉദാ: ബകന്‍, ബാലി, സുഗ്രീവന്‍, ദുശ്ശാസനന്‍, ത്രിഗര്‍ത്തന്‍
- കറുത്തതാടി ദുഷ്‌ടകഥാപാത്രങ്ങള്‍ക്കാണ് കറുത്ത താടി വേഷം.
കരി
താമസസ്വഭാവികളായ വനചാരികള്‍ക്കാണ് കരിവേഷം നല്‍കുക. ഇവരില്‍ ആണ് കരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ: കാട്ടാളന്‍. പെണ്‍കരിക്ക് നീണ്ടസ്‌തനങ്ങളും കാതില്‍ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂര്‍പ്പണഖ, ലങ്കാലക്ഷ്‌മി.
മിനുക്ക്
കഥകളിയിലെ മിനുക്കുവേഷങ്ങള്‍ വേഗത്തില്‍ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേര്‍ത്തരച്ച് മുഖത്ത് തേയ്‌ക്കുന്നതിന് `മിനുക്ക്' എന്നു പറയുന്നു. ഇതില്‍ അല്‌പം ചായില്യം കൂടി ചേര്‍ത്താല്‍ ഇളം ചുവപ്പുനിറം കിട്ടും. സ്‌ത്രീ കഥാപാത്രങ്ങള്‍ക്കും മുനിമാര്‍ക്കും മിനുക്കുവേഷമാണ് നല്‍കുക. ഇവര്‍ക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നല്‍കുക. സ്‌ത്രീകള്‍ക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കല്‍ തുടങ്ങിയവ മനോധര്‍മ്മം പോലെ ചെയ്‌ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയില്‍ കൊണ്ടകെട്ടി പട്ടുവസ്‌ത്രം കൊണ്ട് മറയ്‌ക്കുന്നു.
പഴുപ്പ്
ദേവകളായ ചില കഥാപാത്രങ്ങള്‍ക്കാണ് പഴുപ്പുവേഷം. ഉദാ: ആദിത്യന്‍, ശിവന്‍, ബലഭദ്രന്‍.
കഥകളിയില്‍ ഉപയോഗിക്കുന്ന വാദ്യങ്ങളാണ് ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, ഇടയ്‌ക്ക, ശംഖ് എന്നിവ. ചില സ്ഥലങ്ങളില്‍ പഞ്ചമേളമെന്ന ശുദ്ധമേളവും ഉപയോഗിക്കാറുണ്ട്.